Sat05192012

Last Updated 19 May 2012:11:40:52 PM IST

RegisterRegister
sub-menu-1_01sub-menu-1_02sub-menu-1_03sub-menu-1_04sub-menu-1_05sub-menu-1_06sub-menu-1_07



Font Size

Member's Area
Saturday, 04 February 2012 15:12

അത്ഭുതങ്ങളുടെ വാതില്‍ തുറക്കുന്ന പ്രാര്‍ത്ഥന

Written by  കെ. ജെ. മാത്യു
Rate this item
(35 votes)

ഉത്തരം കിട്ടാത്ത പ്രാര്‍ത്ഥനകളെപ്രതി വേദനിക്കുന്ന വ്യക്തിയാണോ നിങ്ങള്‍?എങ്കില്‍, ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്.28

പൗലോസ് ശ്ലീഹാ ഗലാത്തിയാക്കാര്‍ക്ക് ഇപ്രകാരം എഴുതി: ''ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്. ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്...'' (ഗലാ. 2:20). തന്റെ ഉള്ളില്‍ നടന്ന ആന്തരികരൂപാന്തരീകരണത്തെക്കുറിച്ചാണ് ശ്ലീഹാ ഇവിടെ സൂചിപ്പിക്കുന്നത്. അതുവരെ ഉണ്ടായിരുന്ന 'ഞാനെന്ന ഭാവം' അല്ലെങ്കില്‍ അഹംഭാവം മാറി, അവിടെ ക്രിസ്തു കടന്നുവന്നു. അദ്ദേഹത്തിന് ക്രിസ്തുവിന്റെ മനോഭാവം സ്വന്തമാക്കുവാന്‍ കഴിഞ്ഞു. ക്രിസ്തുവിനെ പൂര്‍ണമായും സ്വന്തമാക്കുവാന്‍ ഒരു സ്വയംശൂന്യവല്ക്കരണം അദ്ദേഹം നടത്തി.

ക്രിസ്തുവിന്റെ മനോഭാവം സ്വന്തമാക്കുകയത്രേ ആത്മീയജീവിതത്തിന്റെ പരമമായ ലക്ഷ്യം. അവിടുന്ന് പറഞ്ഞു: 'ഞാന്‍ ശാന്തശീലനാണ്.' ക്രിസ്തുവിനെ അനുഗമിക്കുന്ന ഒരു വ്യക്തിക്ക് ഈ ശാന്തശീലം സ്വന്തമാക്കുവാന്‍ സാധിക്കണം. അത് സാഹചര്യങ്ങള്‍ക്കും സംഭവങ്ങള്‍ക്കും എടുത്തു മാറ്റുവാന്‍ സാധിക്കാത്ത ഒന്നാണ്. ജീവിതത്തില്‍ സന്തോഷകരമായ അനുഭവങ്ങളുണ്ടാകുമ്പോള്‍ ക്രിസ്തുവിന്റെ മനോഭാവമുള്ള വ്യക്തി അതിരുവിട്ട് ആഹ്ലാദിക്കുന്നില്ല. കാരണം, ഈ അനുഭവങ്ങള്‍ കടന്നുപോകും എന്ന തിരിച്ചറിവും അദ്ദേഹത്തിനുണ്ട്. അതുപോലെ വലിയ തകര്‍ച്ചകള്‍ ഉണ്ടായാലും മനസ് തകരുകയില്ല. ഈ തകര്‍ച്ചയും അതുണ്ടാക്കിയ ഓര്‍മകളും കടന്നുപോകും എന്ന് അദ്ദേഹം മനസിലാക്കുന്നു. എല്ലാ നാളുകളിലും ഏതവസ്ഥയിലും മനസിന്റെ സമതുലിതാവസ്ഥ സൂക്ഷിക്കുവാന്‍ സാധിക്കുന്നവനാണ് യഥാര്‍ത്ഥ ക്രിസ്തുശിഷ്യന്‍.
ചികിത്സയില്ലാത്ത രോഗം

വില്യം സാംഗ്സ്റ്റര്‍ എന്ന ക്രൈസ്തവ പുരോഹിതന്റെ ജീവിതാനുഭവം വായിച്ചതോര്‍ക്കുന്നു. ക്രിസ്തുവിന്റെ മനോഭാവം സ്വന്തമാക്കിയ വ്യക്തിയായിരുന്നു അദ്ദേഹം. തീക്ഷ്ണതയോടെ ശുശ്രൂഷയിലേര്‍പ്പെട്ടിരുന്നപ്പോള്‍ അദ്ദേഹത്തിന് ശാരീരികമായ അസ്വസ്ഥത അനുഭവപ്പെട്ടു. കാലുകള്‍ക്ക് ബലക്ഷയം സംഭവിച്ചതുപോലെ, കൂടാതെ തൊണ്ടയ്ക്ക് ബുദ്ധിമുട്ടും തോന്നി. അദ്ദേഹം ഡോക്ടറെ കണ്ടു. പരിശോധനയ്ക്കുശേഷം സാധാരണ ഒരു മനുഷ്യനെ ഞെട്ടിപ്പിക്കുന്ന വിവരമാണ് ഡോക്ടര്‍ വെളിപ്പെടുത്തിയത്: ''ഇത് ശരീരത്തിന്റെ പേശികള്‍ക്ക് ബലക്ഷയം സംഭവിക്കുന്ന അപൂര്‍വ രോഗമാണ്. ക്രമേണ പൂര്‍ണ ബലക്ഷയം സംഭവിക്കും. ഇതിനുള്ള ചികിത്സ വൈദ്യശാസ്ത്രത്തിലില്ല.'' അതു കേട്ടപ്പോഴും സാംഗ്സ്റ്റര്‍ തളര്‍ന്നില്ല. ദൈവം നല്കുന്നതെന്തും സ്വീകരിക്കുവാന്‍ അദ്ദേഹത്തിന്റെ മനസ് പാകപ്പെട്ടിരുന്നു. കുറെനാളുകള്‍ക്കുശേഷം അദ്ദേഹത്തിന്റെ കാലുകളുടെ ശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു. ശബ്ദവും ഇല്ലാതായി. ഒരു പുരോഹിതനെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുഃഖകരമായ അനുഭവമാണിത്. തന്റെ അജപാലനശുശ്രൂഷയ്ക്ക് തന്നെ വിലങ്ങിടുന്ന അവസ്ഥ. ഏത് കര്‍മധീരനും നിഷ്‌ക്രിയനാകുന്ന ഈ സാഹചര്യത്തെ ക്രിസ്തുവിന്റെ മനോഭാവം സ്വന്തമാക്കിയിരുന്ന വില്യം സാംഗ്സ്റ്റര്‍ ധീരതയോടെ നേരിട്ടു.
അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ചു: ''കര്‍ത്താവേ, ഈ പോരാട്ടത്തില്‍ ഞാന്‍ ഇനിയും തുടരട്ടെ. സേനാ നായകനെപ്പോലെ മുന്‍നിരയില്‍നിന്ന് പോരാടുവാന്‍ ഇനി എനിക്ക് സാധിക്കുകയില്ലെങ്കിലും സാധാരണ പടയാളിയെപ്പോലെ പിന്നില്‍നിന്ന് യുദ്ധം തുടരുവാന്‍ എനിക്ക് കൃപ നല്കിയാലും.'' യേശു ആ പ്രാര്‍ത്ഥന കേട്ടു. അദ്ദേഹത്തിന്റെ കൈകളുടെ പ്രവര്‍ത്തനശേഷി അപ്പോള്‍ പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നില്ല. അല്പം വിറയലുണ്ടെന്നുമാത്രം. ആ കൈകൊണ്ട് അദ്ദേഹം ലേഖനങ്ങള്‍ എഴുതുവാന്‍ ആരംഭിച്ചു. ഹൃദയസ്പര്‍ശിയായിരുന്നു അവ. അനേകരുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുവാന്‍ ലേഖനങ്ങളെ യേശു ഉപയോഗിച്ചു. ഈ ലോകത്തില്‍ തനിക്കുള്ള സമയം വളരെ പരിമിതമാണെന്നറിഞ്ഞ അദ്ദേഹം ഓരോ നിമിഷവും വളരെ സൂക്ഷ്മമായി ഉപയോഗിച്ചു. അവസാനം ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ ആത്മാവ് ദൈവസന്നിധിയിലേക്ക് പറന്നുപോയി. ഏത് പ്രതികൂല സാഹചര്യത്തിലും നമുക്ക് ക്രിസ്തുവിനോട് ചേര്‍ന്നുനില്ക്കാം. ക്രിസ്തുവിന്റെ മനോഭാവം സ്വന്തമാക്കുന്ന വ്യക്തിക്ക് ഏതു സാഹചര്യത്തിലും സമചിത്തതയോടെ പെരുമാറുവാനും ഉള്ളുതുറന്ന് സന്തോഷിക്കുവാനും സാധിക്കുമെന്നുതന്നെയാണ് ഈ യോഗിവര്യന്‍ നല്കുന്ന പാഠം. എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍ (1 തെസ.5:16) എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ പൊളിവചനങ്ങളല്ല എന്ന് സാരം.

ഹന്നായുടെ മനോഭാവം
പ്രവാചകനായ സാമുവലിന്റെ അമ്മ ഹന്നാ ഇതേ മനോഭാവം സ്വന്തമാക്കിയ വ്യക്തിയായിരുന്നു. അവളുടെ മനസിന്റെ അവസ്ഥയെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം ഇപ്രകാരം എഴുതുന്നു: ''പിന്നീടൊരിക്കലും അവളുടെ മുഖം മ്ലാനമായിട്ടില്ല'' (1 സാമുവല്‍ 1:18). എന്നുപറഞ്ഞാല്‍ ഒരുനാള്‍ അവളുടെ മനസിനെ ദൈവം പൂര്‍ണമായും കീഴടക്കി. ആ ദൈവാനുഭവം അവളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തി. അവളുടെ കാഴ്ചപ്പാടുകള്‍ പൂര്‍ണമായും മാറി. ദൈവം കാണുന്നതുപോലെ എല്ലാം കാണുവാന്‍ സാധിച്ചു. വിശുദ്ധ പൗലോസ് സൂചിപ്പിക്കുന്ന അതേ ക്രിസ്ത്വാനുഭവം. ദൈവം അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതിന് മുന്‍പുള്ള അവസ്ഥയാണ് 18 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അവളുടെ മനസ് പൂര്‍ണമായും ദുഃഖത്തില്‍ മുങ്ങിയിരിക്കുകയായിരുന്നു. ഒരു നിമിഷംപോലും സന്തോഷിക്കുവാന്‍ അവള്‍ക്ക് കഴിഞ്ഞിട്ടുണ്ടാവുകയില്ല. വിവാഹം കഴിഞ്ഞ് അനേക വര്‍ഷങ്ങള്‍ക്കുശേഷവും കുഞ്ഞുങ്ങളുണ്ടായില്ല എന്നതായിരുന്നു അവളുടെ ദുഃഖകാരണം. കൂടാതെ മറ്റുള്ളവരുടെ കുത്തുവാക്കുകള്‍ അവളുടെ മനസിനെ ആഴത്തില്‍ മുറിപ്പെടുത്തിയിരുന്നു. ഉള്ളില്‍നിന്നും പുറമേനിന്നും ദിനംപ്രതി അവള്‍ തകര്‍ക്കപ്പെട്ടിരുന്നു. അവള്‍ക്ക് ഇത് താങ്ങുവാന്‍ പറ്റാത്ത ഒരു ഘട്ടത്തില്‍ ആശ്വാസത്തിനായി ദൈവസന്നിധിയിലേക്കുതന്നെ ഓടി. ദേവാലയത്തില്‍ ചെന്ന് അവള്‍ വിങ്ങിവിങ്ങി കരഞ്ഞു. ഹൃദയം നൊ ന്തുള്ള കരച്ചിലായിരുന്നു അവളുടെ പ്രാര്‍ത്ഥന. തനിക്ക് ഒരു പുത്രനെ നല്കിയാല്‍ അവനെ ദൈവത്തിനായി തിരിച്ച് സമര്‍പ്പിക്കുമെന്ന് അവള്‍ ദൈവത്തോട് വാഗ്ദാനം ചെയ്തു. അവളെ ശ്രദ്ധിച്ചുകൊണ്ടിരുന്ന പുരോഹിതനായ ഏലി അവളെന്തെടുക്കുകയാണെന്ന് ചോദിച്ചപ്പോള്‍ നല്കിയ മറുപടി ഏറെ ശ്രദ്ധേയമാണ്. അവള്‍ പറഞ്ഞു: ''കര്‍ ത്താവിന്റെ മുന്‍പില്‍ എന്റെ ഹൃദയവികാരങ്ങള്‍ ഞാന്‍ പകരുകയായിരുന്നു'' (1 സാമുവല്‍ 1:15).

ഭാരപ്പെടുന്ന ഹൃദയങ്ങള്‍
ഇവിടെ ശ്രേഷ്ഠമായ ഒരു പ്രാര്‍ത്ഥനയെക്കുറിച്ചുള്ള സൂചന ലഭിക്കുന്നു. അത് ഹൃദയവികാരങ്ങള്‍ ദൈവസന്നിധിയില്‍ പകരുക എന്നതാണ്. ഒരു പാത്രത്തില്‍നിന്ന് ജലം മറ്റൊരു പാത്രത്തിലേക്ക് പകരുന്നത് നമുക്ക് പരിചിതമായ കാര്യമാണ്. ഏതു പാത്രത്തില്‍നിന്നാണോ വെള്ളം പകരുന്നത് ആ പാത്രം ഒരു തുള്ളി വെള്ളംപോലും അവശേഷിക്കാതെ ശൂന്യമായിത്തീരുന്നു. അതില്‍ ഇനി നല്ല ശുദ്ധമായ തെളിനീര് നിറയ്ക്കാം.
ഒരുപക്ഷേ നമ്മുടെ മനസ് ഇപ്പോള്‍ ഹന്നായുടെ മനസുപോലെ പല കാരണങ്ങളാല്‍ ഭാരപ്പെട്ടതായിരിക്കാം. രാത്രിയുടെ യാമങ്ങളില്‍ ആരും കാണാതെ ഏങ്ങലടിച്ച് കരയുന്നുണ്ടാവാം. എങ്കില്‍ ഹന്നായുടെ പ്രാര്‍ത്ഥന സ്വന്തമാക്കാം. കരയേണ്ടത് ദൈവസന്നിധിയിലാണ്. അവിടുത്തെ ഹൃദയത്തിലേക്ക് മനസില്‍ തളംകെട്ടി കിടക്കുന്ന കണ്ണീരെല്ലാം ചൊരിയുക. ആ ശൂന്യതയിലേക്ക് ക്രിസ്തു കടന്നുവരും. അവിടുന്ന് നിന്നെ സ്വന്തമാക്കും. അവിടുത്തെ ശാന്തത നിനക്ക് സമ്മാനമായി നല്കും.

ഹന്നായ്ക്കുണ്ടായ അനുഭവം അതുതന്നെയാണ്. ദൈവത്തിന്റെ നാമത്തില്‍ പുരോഹിതനായ ഏലി ഇപ്രകാരം അവളോടു പറയുന്നു: ''ഇസ്രായേലിന്റെ ദൈവം നിന്റെ പ്രാര്‍ത്ഥന സാധിച്ചുതരട്ടെ.'' ആ വാക്കുകള്‍ അവള്‍ ഉറച്ചു വിശ്വസിച്ചു. ദൈവം തന്റെ പ്രാര്‍ത്ഥന കേട്ട് തനിക്ക് ഒരു കുഞ്ഞിനെ നല്കിയെന്ന് ആ നിമിഷംമുതല്‍ അവള്‍ ഭാവന കാണുവാന്‍ തുടങ്ങി. ഫലമോ, അവളുടെ മനസ് ആനന്ദംകൊണ്ട് നിറഞ്ഞു. അതിനാല്‍ പിന്നീടൊരിക്കലും അവളുടെ മുഖം മ്ലാനമായില്ല.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഉദരത്തില്‍ കുഞ്ഞ് രൂപംകൊണ്ടശേഷമല്ല അവള്‍ സന്തോഷിക്കുവാന്‍ തുടങ്ങിയത്. യഥാര്‍ത്ഥത്തില്‍ അവള്‍ക്ക് കുഞ്ഞിനെ ലഭിച്ചത് പിന്നീടാണ്. പക്ഷേ, ദൈവത്തിന്റെ സന്ദേശം പുരോഹിതനായ ഏലി അറിയിച്ച നിമിഷം മുതല്‍ അവള്‍ അത് സ്വീകരിച്ചു. എന്നു പറഞ്ഞാല്‍ ഉദരത്തില്‍ കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതിന് മുന്‍പുതന്നെ മനസില്‍ അവള്‍ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു. അതിനാലാണ് അവള്‍ക്ക് സന്തോഷിക്കുവാന്‍ സാധിച്ചത്.

യേശുവിന്റെ പ്രാര്‍ത്ഥനാ രീതി
ശ്രേഷ്ഠമായ ഒരു പ്രാര്‍ത്ഥനാരീതി ഈ സാധാരണ സ്ത്രീ നമ്മെ പഠിപ്പിക്കുന്നു. പ്രാര്‍ത്ഥിക്കുന്ന കാര്യങ്ങള്‍ ലഭിച്ചുകഴിഞ്ഞു എന്ന ഉറച്ചബോധ്യം മനസിലുണ്ടായിരിക്കുക. അതിനെയോര്‍ത്ത് ദൈവത്തിന് മുന്‍കൂട്ടി നന്ദി പറയുക. അത്ഭുതങ്ങളുടെ വാതില്‍ തുറക്കുന്ന പ്രാര്‍ത്ഥനയാണിത്, ദൈവത്തിന് വളരെ പ്രീതികരവും. യേശുതന്നെ ഈ പ്രാര്‍ത്ഥനാരീതി സ്വീകരിച്ചത് നാം കാണുന്നു. ലാസറിനെ ഉയിര്‍പ്പിക്കുവാന്‍ കല്ലറയുടെ മുന്‍പില്‍ നില്ക്കുമ്പോള്‍ യേശു ഇപ്രകാരമാണ് പ്രാര്‍ത്ഥിച്ചത്: ''പിതാവേ, അങ്ങ് എന്റെ പ്രാര്‍ത്ഥന ശ്രവിച്ചതിനാല്‍ ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു'' (യോഹ.11:41).
നമുക്കും ഈ വഴിയിലൂടെ നടക്കാം. പ്രതികൂല സാഹചര്യങ്ങളെ നോക്കി ഭയപ്പെടേണ്ടവരല്ല നാം. ഇന്നുമുതല്‍ നിങ്ങളുടെ ജീവിതസാഹചര്യങ്ങളെ ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക. അവയെ പുതുക്കിപ്പണിയുവാന്‍ ദൈവം കടന്നുവരികതന്നെ ചെയ്യും. മക്കളെ ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക. അവര്‍ അനുഗ്രഹിക്കപ്പെട്ടവരാകും. ബലഹീനതകളെ ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുക. അവയെ ദൈവകരങ്ങളിലേക്ക് പകരുക. വിശുദ്ധ പൗലോസിനെപ്പോലെ നമ്മളും ക്രിസ്തുവിന്റെ സാന്നിധ്യത്താല്‍ രൂപാന്തരപ്പെടും. പ്രതികൂലങ്ങളുടെ കടലിന് മീതെ ചവിട്ടി നടക്കുവാന്‍ നമുക്കും സാധിക്കും. അതിനുള്ള കൃപയ്ക്കായി ഇപ്പോള്‍ത്തന്നെ പ്രാര്‍ത്ഥിക്കാം:

സ്‌നേഹപിതാവായ ദൈവമേ, അങ്ങ് എന്റെ മനസ് കാണുന്നുവല്ലോ. പലപ്പോഴും കരയുവാന്‍പോലും സാധിക്കാത്ത രീതിയില്‍ മനസ് ഭാരപ്പെട്ടിരിക്കുന്നു. എന്നോട് കരുണ തോന്നണമേ. എന്റെ നഷ്ടബോധങ്ങളും നിരാശാജനകമായ ചിന്തകളും അങ്ങയുടെ ഹൃദയത്തിലേക്ക് ഞാന്‍ ചൊരിയുന്നു. അവിടുന്ന് എന്റെ മനസില്‍ ഇപ്പോള്‍ത്തന്നെ വന്ന് നിറയണമേ. എന്റെ കൂടെ എപ്പോഴും വസിക്കണമേ എന്ന് ഞാന്‍ താഴ്മയായി പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ സാന്നിധ്യം എനിക്ക് കരുത്ത് നല്കട്ടെ. അങ്ങയെ കണ്ടാനന്ദിക്കുവാന്‍ എന്റെ മനസിനെ അനുഗ്രഹിച്ചാലും. കാലിത്തൊഴുത്തിലും കുരിശിന്റെ ചുവട്ടിലും ശാന്തത കൈവിടാതെ നിന്ന പരിശുദ്ധ അമ്മേ, ആ ദൈവിക സമാധാനത്താല്‍ മനസിനെ നിറയ്ക്കുവാന്‍ അങ്ങയുടെ തിരുക്കുമാരനോട് പ്രാര്‍ത്ഥിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.