വിശുദ്ധ ബലിമധ്യേ നടത്തുന്ന സമാധാനാശംസകള്‍ ഹൃദയത്തില്‍ നിന്നാണോ ഉയരുന്നത് ? അത് വെറുമൊരു ചടങ്ങായി മാറുന്നുണ്ടോ ?
പ്രാചീന റോമന്‍, യഹൂദ സമൂഹങ്ങളില്‍ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങള്‍ വെടിഞ്ഞു ക്രിസ്ത്യാനികള്‍ ലോകമെ ങ്ങും കൈകോര്‍ത്തിട്ടപ്പോള്‍ 20 നൂറ്റാണ്ടുകള്‍ കഴിഞ്ഞു. കൈകോര്‍ത്തവരില്‍ നീഗ്രോകളുടെ ദ്രാവിഡരുടെ ബ്രാഹ്മണരുടെ അധകൃതവര്‍ഗക്കാരുടെ ഒക്കെ പൈതൃകമുള്ളവര്‍ ഉണ്ടായിരുന്നു. അവരൊക്കെ സ്ത്രീപുരുഷഭേദമന്യേ സമത്വഭാവനയോടെ ഒരു മേശയില്‍നിന്നു ഭക്ഷിക്കുന്നവരായി മാറി. പഴയ യഹൂദര്‍ കൈ യോ മേലങ്കിയോ മുത്താന്‍ മാത്രം ഭൃത്യ രെ അനുവദിച്ചപ്പോള്‍ അവരെ ഏഴ് അയലത്തുപോലും അടുക്കാന്‍ സ്വാതന്ത്ര്യം കൊടുക്കാത്തവരായിരുന്നല്ലോ ഇന്ത്യയി ലെ സവര്‍ണ്ണര്‍. പരസ്പരം ഒത്തുചേര്‍ന്നു ഒരേ അപ്പം ഭക്ഷിക്കുകയും പരസ്പരം സമാധാനം ആശംസിക്കുകയും ചെയ്യുക എന്ന ഉത്കൃഷ്ടമായ ക്രിസ്തീയ സങ്കല്പത്തിന്റെയും പാരമ്പര്യത്തിന്റെയും അടിസ്ഥാനം എത്ര മഹത്തരവും വിശാലവുമാണ്.
പരസ്പരം ക്ഷമിക്കുകയും രമ്യപ്പെടുകയും ചെയ്യുന്ന അന്തരീക്ഷത്തിലാണല്ലോ ക്രൂശിന്റെ ചുവട്ടില്‍ നമുക്ക് വന്നു ചേരാന്‍ ആകുക. അന്വേഷിക്കുവാന്‍ പോ യിട്ട് കൈകൊടുക്കാന്‍ പോലും ക്രിസ്ത്യാനികള്‍ക്ക് ഇന്ന് താല്പര്യമില്ല. കാരണങ്ങള്‍ പലതുണ്ടാകാം. ക്ഷമിക്കാന്‍ കഴിയാത്തവരുണ്ടാകാം. തന്നെക്കാള്‍ അന്ത സ് കുറഞ്ഞവനാണ് അടുത്ത് നില്ക്കുന്നത് എന്ന് ചിന്തിക്കുന്നവരുണ്ടാകാം. അടുത്ത് നില്ക്കുന്നവന്‍ വല്ല പകര്‍ച്ചവ്യാധിയും ഉള്ളവനാകുമോ എന്ന് ഭയപ്പെടുന്നവരുണ്ട്. 'ഞാന്‍ പ്രമാണി' എന്ന ചിന്ത യും രക്തത്തില്‍ കിടക്കുന്ന ജാതി വിവേചന ചിന്തയുമാണ് മറ്റ് ചില കാരണങ്ങള്‍. എന്തായാലും ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ സമാധാനം പങ്കുവയ്ക്കല്‍ യാന്ത്രികമായ ഒരു പാഴ്ച്ചടങ്ങായി മാറിയിരിക്കുന്നു. 
ക്രിസ്തുവിന്റെ കാലത്തിന് മുന്‍പേ ഗ്രീക്കുകാര്‍ക്കിടയില്‍ നിലനിന്നിരുന്ന ആചാരമാണ് സമാധാന ചുംബനം (eirene) ലത്തീനില്‍ പാക്‌സ് (pax) എന്നും ഇംഗ്ലീഷില്‍ പീസ് (peace) എന്നും ഹീബ്രുവില്‍ 'ഷാലോം ആലൈകെം' എന്നു പറയുന്നതാണ് ക്രിസ്തുവിന്റെ സമാധാനം. ക്രിസ്തുവിന്റെ കാലം വന്നപ്പോള്‍ ഉച്ചനീചത്വങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു. തുടര്‍ന്ന് സഭ രൂപപ്പെട്ടപ്പോഴും വിശുദ്ധ ചുംബനം നല്കുന്ന പതിവ് തുടര്‍ന്നു. പിന്നീടതു കരസ്പര്‍ശനത്തിനു വഴിമാറി.
ഒരു പ്രളയംപോലെ
ആത്മാര്‍ത്ഥത തൊട്ടു തീണ്ടാതെ ഒരു റോബോര്‍ട്ടിക് പ്രഹസനമായി സമാധാനം പറച്ചില്‍ മാറിയിട്ടുണ്ട്. സഭയോളം തന്നെ പഴക്കമുള്ള ഈ മനോഹര പാരമ്പര്യം നാം അര്‍ത്ഥശൂന്യമാക്കിക്കൊണ്ടിരിക്കുകയാണ്. സ്‌നേഹവലയം മെനയാനും ഹൃദയത്തിന്റെ ഐക്യം സാധ്യമാക്കാനും കഴിയുന്ന അര്‍ത്ഥപൂര്‍ണമായ അവസരമാണ് ഇല്ലാതാക്കുന്നത്. സമാധാനത്തിന്റെ നീരുറവ യേശുവില്‍നിന്ന് ഒഴുകിയെത്തി അത് മറ്റുള്ളവര്‍ക്ക് തുറന്നു കൊടുക്കുവാനും പകര്‍ന്നു കൊടുക്കുവാനും മടിക്കുകയല്ലേ? നമ്മുടെ ദേവാലയത്തിലുള്ള ഒത്തുചേരലിന്റെ അടിസ്ഥാനമായ ക്രിസ്തീയ ചൈതന്യവും ഊഷ്മളതയുമാണ് നാം അവിടെ കളഞ്ഞുകുളിക്കുന്നത്.
അനുരജ്ഞനത്തിന്റെ അന്തരീക്ഷമാണ് ഇല്ലാതാകുന്നത്. ഏഴാം നൂറ്റാണ്ടിലെ 'കുര്‍ബാന'യ്ക്കുള്ള മാര്‍ഗദര്‍ശന പുസ്തകമായ 'ഓര്‍ഡോ റൊമാനസില്‍' കുര്‍ബാനയ്ക്ക് പ്രസംഗിക്കുന്ന സമയത്തും കാഴ്ചവയ്പിന് മുന്‍പും അപ്പം മുറിക്കുന്നതിന് മു ന്‍പും സമാധാനം പകരുന്നതിനെപ്പറ്റി പറയുന്നുണ്ട്. കാലാന്തരേണ പലേ ക്രിസ്തീയ വിഭാഗങ്ങളിലും ഇതിന്റെ എണ്ണം ചുരുങ്ങി. സമാധാനം ആശംസിക്കുക എന്നത് ക്രിസ്തു മതത്തോളംതന്നെ പഴക്കമുള്ള പാരമ്പര്യമാണ്. ഇന്നത് എവിടെ എത്തിനില്ക്കുന്നു? ഹീബ്രു ബൈബിളില്‍ ചില വാക്കുകള്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. 'സമാധാനം' 'സമാധാനം' എന്ന് രണ്ട് പ്രാവശ്യം പറയുന്നതില്‍നിന്ന് മനസിലാക്കേണ്ടത് പരിപൂര്‍ണ്ണമായ സമാധാനം എന്നാണ്. യേശുവിന്റെ സമാധാനം കൈവരിക്കുന്നവര്‍ക്ക് ഒട്ടേറെ സമാശ്വാസത്തിനും പ്രചോദനത്തിനും വക നല്കുന്ന അനേകം തിരുവചനങ്ങല്‍ വിശുദ്ധ ഗ്രന്ഥത്തില്‍ ഉണ്ട്. ഏശയ്യാ 55:12-ല്‍ പറയുന്നു. ''നിങ്ങള്‍ സന്തോഷത്തോടെ പുറപ്പെടും; സമാധാനത്തില്‍ നയിക്കപ്പെടും; മലകളും കുന്നുകളും നിങ്ങളുടെ മുമ്പില്‍ ആര്‍ത്തു പാടും; വനവൃക്ഷങ്ങള്‍ കൈകൊട്ടും''
രമ്യപ്പെടാതെ ബലിയര്‍പ്പിക്കുകയോ?
പൗലോസ് ശ്ലീഹായുടെ ലേഖനങ്ങള്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും സമാധാന ആശംസയോടെയാണ്. അതിനാല്‍ ദേവാലയത്തില്‍ സമാധാനം ആശംസിക്കേണ്ടത് തികഞ്ഞ ആത്മാര്‍ത്ഥതയോടെയും ദൈവത്തിന്റെ സമാധാനം ചൊരിയപ്പെടാനുള്ള തീവ്രമായ ആഗ്രഹത്തോടെയുമാകണം. യേശുവിലുള്ള നമ്മുടെ വിധേയത്വത്തിന്റെ കൂടി സാക്ഷ്യമാണത്. മത്തായി 5:23-24-ല്‍ പറയുന്നതു മറക്കാന്‍ പാടില്ല. സഹോദരനോടു രമ്യപ്പെട്ടിട്ടുമാത്രം വന്നു കാഴ്ചയര്‍പ്പിക്കാനാണ് തിരുവചനം അനുശാസിക്കുന്നത്. അല്ലാത്തതൊക്കെ അനുഷ്ഠാനമായി ചുരുങ്ങുന്നു.
പ്രാര്‍ത്ഥിക്കുവാന്‍ നാം ഒത്തുചേരുമ്പോള്‍ അവിടെ എല്ലാതരത്തിലുള്ള ആളുകളും വരും. എല്ലാവരെയും കൈനീട്ടി സ്വീകരിക്കുന്ന പിതാവിന്റെ ഭവനത്തില്‍ നമുക്കെങ്ങിനെ വിദ്വേഷം സാധ്യമാകുന്നു? തന്നെ വകവരുത്തുവാന്‍ കച്ചകെട്ടിനടക്കുന്ന അയല്‍ക്കാരനാകട്ടെ, ദ്രോഹിക്കുകയും തന്നെപ്പറ്റി അപവാദം പറയുന്നവനുമാകട്ടെ, ക്രിസ്തു ആവശ്യപ്പെടുന്നത് സഹോദരനോടു രമ്യപ്പെട്ടിട്ടുമാത്രം ബലിയര്‍പ്പിക്കുക എന്നാണ്. ക്രിസ്തുവിന്റെ സമാധാനം കാംക്ഷിക്കുമ്പോള്‍ നാം സൃഷ്ടിക്കേണ്ട അന്തരീക്ഷം ഭയപ്പാടോ വിദ്വേഷമോ ഇല്ലാത്ത ഒന്നാവണം. എല്ലാവരും അവിടെ ഉറ്റ ചങ്ങാതികള്‍. ദേവാലയത്തില്‍ നിശ്ചയമായും മറ്റെല്ലാ ദ്വേഷ ചിന്തയും വര്‍ജ്ജിക്കണം. ''അവന്‍ നമ്മുടെ സമാധാനമാണ്. ഇരു കൂട്ടരെയും അവന്‍ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്തു. ഇരു കൂട്ടരുടെയും സ്ഥാനത്ത് ഒരു പുതിയ മനുഷ്യനെ സൃഷ്ടിച്ചുകൊണ്ട് സമാധാനം സ്ഥാപിക്കുവാനും കുരിശുവഴി ഇരുകൂട്ടരെയും ഒരേ ശരീരത്തില്‍ അനുരജ്ഞിപ്പിക്കാനും അങ്ങനെ തന്നിലൂടെ ശത്രുത അവസാനിപ്പിക്കാനുമാണ് അവന്‍ ഇങ്ങനെ ചെയ്തത്'' (എഫേസോസ് 2:14-16).
സമാധാനത്തിനെതിരായ വലിയ ബാധകളാണ് അതിതൃഷ്ണ, ധനമോഹം, അധികാരക്കൊതി, അസൂയ, അനിയന്ത്രിത രോക്ഷം, അഹങ്കാരം എന്നിവ. അവയെ നാടുകടത്താനായാല്‍ ശാശ്വതമായ സമാധാനം കൈവരുത്താനാകുമെന്ന് 'ഫ്രാന്‍ സിസ്‌കോ പ്രെലാര്‍ക്' എന്ന പണ്ഡിതന്‍ പറയുന്നു. സമാധാനം നമുക്കുള്ളില്‍ നമുക്കുതന്നെ കണ്ടെത്താനാവുന്നില്ലെങ്കില്‍ ലോകത്ത് ഏത് ദ്വീപില്‍ പോയി തപസ് ചെയ്തിട്ടും കാര്യമില്ല. ഇന്നു നാം എന്തായിരിക്കുന്നുവോ അത് നമ്മുടെ നാളിതു വരെയുള്ള ചിന്തകളുടെ ആകെത്തുകയാണ്. ഉള്ളില്‍ തിന്മ ഒളിപ്പിച്ചുകൊണ്ട് സംവദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനെ നാശം പിന്‍തുടരും. മറിച്ച് ചിന്തകള്‍ സംശുദ്ധമെങ്കില്‍ അവനെ ജീവതാനന്ദം നിഴല്‍പോലെ വിട്ടുമാറാതെ പിന്‍തുടരും. സമാധാനത്തെക്കുറിച്ച് ചില ധാരണകള്‍ ഉണ്ട്. എന്നാല്‍, നമ്മുടെ എല്ലാ ധാരണകളെയും അതിലംഘിക്കുന്നതാണ് യേശുവിന്റെ സമാധാനം എന്ന് ഫിലിപ്പിയ ലേഖനത്തില്‍ പറയുന്നു. ''ഞാന്‍ നിങ്ങള്‍ക്ക് സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് നല്കുന്നു. ലോകം നല്കുന്നതുപോലെയല്ല ഞാന്‍ നില്കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, നിങ്ങള്‍ ഭയപ്പെടുകയും വേണ്ട'' (യോഹ. 14:27).
സമാധാനത്തിന്റെ തുടക്കം
മദര്‍ തെരേസ പറയുന്നത്, ഒരു പുഞ്ചിരിയാണ് സമാധാനത്തിന്റെ തുടക്കമെന്നാണ്. എത്രയോ അനാഥകര്‍ക്ക്, അശരണര്‍ക്ക് ആ അമ്മയുടെ പുഞ്ചിരി ആശ്വാസവും പ്രതീക്ഷയും നല്കിയിട്ടുണ്ട്. നാം നിസാരമായി കരുതുന്ന പുഞ്ചിരിയാണ് സമാധാനം എന്ന മഹാകാവ്യത്തിന്റെ ആദ്യത്തെ വരി എന്നവര്‍ പറഞ്ഞുതന്നിട്ടു പോയി. സ്വാര്‍ത്ഥയില്‍ ആണ്ടുകിടക്കുന്ന നാമതൊന്നും കേള്‍ക്കുന്നില്ല എന്നുമാത്രം. ദേവാലയങ്ങളില്‍ നമുക്ക് കുറെക്കൂടി അര്‍ത്ഥപൂര്‍ണമായി സ്‌നേഹം പങ്കുവയ്ക്കാം, സമാധാനം പകരാം. അടുത്തു നില്ക്കുന്നവന്‍ ശത്രു തന്നെയാകട്ടെ. ഈ സമാധാനത്തിന്റെ അമൃത് നമുക്ക് ചൊരിയാം. വൈരം, വിദ്വേഷം, അസഹിഷ്ണുത, ദ്രോഹചിന്ത ഇതെല്ലാം വെടിഞ്ഞ് നമുക്ക് കരങ്ങള്‍ കോര്‍ക്കാം. സമാധാനം ആശംസിക്കാം.
ഒരു പുഞ്ചിരിയില്‍ തുടങ്ങാം.
Read 1733 times
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.