ആഘോഷപൂര്‍വമായിരുന്നു അവരുടെ വിവാഹം. ഇവര്‍ ചേരേണ്ടവര്‍തന്നെയായിരുന്നു എന്നാണ് അതില്‍ പങ്കെടുത്തവരെല്ലാം ഒരുപോലെ പറഞ്ഞത്. അവരുടെ വാക്കുകള്‍ അന്വര്‍ത്ഥമാകുന്നതുപോലെ സ്‌നേഹത്തിലും ഒരുമയിലുമാണ് അവര്‍ ജീവിച്ചത്. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ദിവസം ഭാര്യ പറഞ്ഞു: 
''വിവാഹത്തിനു മുന്‍പ് വായിച്ച ഒരു ലേഖനത്തില്‍
വിവാഹബന്ധത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ചില
നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു. അത് നമുക്കും പ്രയോജനപ്പെടുമെന്ന് എനിക്കു തോന്നുന്നു.''
''നല്ലതാണെങ്കില്‍ സ്വീകരിക്കുന്നതിന് എന്താണ് കുഴപ്പം'' ഭര്‍ത്താവ് ഭാര്യയെ പ്രോത്സാഹിച്ചു. അതു കേട്ടപ്പോള്‍ പറയാന്‍ അവള്‍ക്ക് കൂടുതല്‍ ഉത്സാഹമായി. ''ഭാര്യയുടെ സ്വഭാവത്തിലെ പോരായ്മകളുടെ ഒരു പട്ടിക ഭര്‍ത്താവും, ഭര്‍ത്താവിന്റെ കുറവുകളുടെ പട്ടിക ഭാര്യയും തയാറാക്കണം. എന്നിട്ട് രണ്ടു പേരും ചേര്‍ന്ന് അവ പരിശോധിച്ച് തിരുത്തല്‍ വരുത്തിയാല്‍ കുടുംബജീവിതം കൂടുതല്‍ ആഹ്ലാദകരമാകും'' ഭാര്യ പറഞ്ഞു.
അത് തയാറാക്കേണ്ട വിധവും അവള്‍ വിവരിച്ചു. രണ്ടു പേരും വ്യത്യസ്തമായ ഇടങ്ങളിലിരുന്ന് ആലോചിച്ചുവേണം പട്ടിക
തയാറാക്കാന്‍. പിറ്റേന്ന് പ്രഭാതഭക്ഷണം കഴിക്കുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്യാമെന്നും തീരുമാനിച്ചു. അതിനായി അന്ന് രാത്രിയില്‍ രണ്ടു മുറികളിലാണ് അവര്‍ കഴിഞ്ഞത്. പിറ്റേന്ന് ഭാര്യയും ഭര്‍ത്താവും ഭക്ഷണമേശയില്‍ ഒത്തുചേര്‍ന്നു.
''ആദ്യം ഞാന്‍ വായിക്കാം'' ഭാര്യ പറഞ്ഞു. മൂന്ന് പേജുള്ള
പട്ടികയായിരുന്നു ഭാര്യയുടേത്. ഭര്‍ത്താവിന്റെ ചെറിയ പോരായ്മകള്‍ വരെ എണ്ണമിട്ട് രേഖപ്പെടുത്തിയിരുന്നു. വായിച്ചു കഴിഞ്ഞ് മുഖം ഉയര്‍ത്തിയപ്പോള്‍ കണ്ണീര്‍ തുടക്കുന്ന ഭര്‍ത്താവിനെയാണ് ഭാര്യ
കണ്ടത്. ''എന്തു പറ്റി'' ഭാര്യ ചോദിച്ചു. ''ഏയ്, ഒന്നുമില്ല''
സങ്കടത്തില്‍ പൊതിഞ്ഞ ചിരിയോടെ ഭര്‍ത്താവ് പറഞ്ഞു.
''ഇനി അങ്ങയുടെ നിര്‍ദ്ദേശങ്ങള്‍ വായിച്ചിട്ട് നമുക്ക്
ചര്‍ച്ചനടത്താം'' ഭാര്യ പറഞ്ഞു.
''എനിക്ക് ഒന്നും എഴുതാന്‍ കിട്ടിയില്ല. ഞാന്‍
ആലോചിച്ചപ്പോഴെല്ലാം പോരായ്മകള്‍ക്കുപകരം നീ എന്നോട്
കാണിക്കുന്ന സ്‌നേഹവും കരുതലുമാണ് മനസിലേക്ക് വരുന്നത്.'' ഭര്‍ത്താവിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഭാര്യയുടെ കണ്ണുകള്‍ നിറഞ്ഞു.
ജീവിത പങ്കാളിയുടെ കുറവുകളിലേക്ക് നോക്കാതെ അവരുടെ
നന്മകളിലേക്ക് ദൃഷ്ടികള്‍ പതിപ്പിക്കുമ്പോഴാണ് ജീവിതം
ആനന്ദകരമാകുന്നത്. അതോടൊപ്പം ജീവിതം മനോഹരമാക്കാനെന്ന പേരിലുള്ള ആശയങ്ങള്‍ സ്വീകരിക്കുമ്പോഴും വിവേകം പുലര്‍ത്തണം.







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.